01:27pm 15 August 2026
NEWS
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസും ഉത്സവബത്തയും അനുവദിച്ചു; 20,000 രൂപ ഓണം അഡ്വാൻസ്
15/08/2026  10:38 AM IST
nila
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസും ഉത്സവബത്തയും അനുവദിച്ചു; 20,000 രൂപ ഓണം അഡ്വാൻസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബോണസ്, പ്രത്യേക ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവയാണ് അനുവദിച്ചത്. ആനുകൂല്യങ്ങളുടെ വിതരണം ഓഗസ്റ്റ് 17 മുതൽ ആരംഭിക്കും.

ബോണസിന് അർഹരായ ജീവനക്കാർക്ക് പരമാവധി 4,500 രൂപ ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്ത നൽകും. സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി 1,250 രൂപ ലഭിക്കും.

ഏകാധ്യാപക വിദ്യാലയങ്ങളിലെയും പെരിപറ്ററ്റിക് വിദ്യാലയങ്ങളിലെയും അധ്യാപകർ, ആയമാർ, സ്കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1,550 രൂപ ഉത്സവബത്ത ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1,460 രൂപയും ബാലവാടി, അംഗൻവാടി ഹെൽപ്പർമാർ, ആയമാർ, പാലിയേറ്റീവ് കെയർ നഴ്‌സുമാർ എന്നിവർക്ക് 1,450 രൂപയും ലഭിക്കും.

ഓണം അഡ്വാൻസ് 20,000 രൂപ

എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനും 20,000 രൂപ ഓണം അഡ്വാൻസ് അനുവദിച്ചിട്ടുണ്ട്. തുക ഒക്ടോബർ മുതലുള്ള ശമ്പളത്തിൽനിന്ന് അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം.

പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, വിവിധ വകുപ്പുകളിലെ എൻഎംആർ, സിഎൽആർ, സീസണൽ വർക്കർമാർ, കൃഷിഫാമുകളിലെ സ്ഥിരം തൊഴിലാളികൾ, സർക്കാർ വകുപ്പുകളിലെ സ്ഥിരം തൊഴിലാളികൾ, പൊതുമരാമത്ത് വകുപ്പിന് കീഴിലെ വിവിധ വർക്ക്‌ഷോപ്പ് തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്കും 6,000 രൂപ ഓണം അഡ്വാൻസ് അനുവദിച്ചിട്ടുണ്ട്. അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളിലെ സ്ഥിരമല്ലാത്ത തൊഴിലാളികൾ, കോക്കനട്ട് സ്പ്രേയിങ് തൊഴിലാളികൾ, മൗണ്ടഡ് പോലീസ് വിങ്ങിലെ ഗ്രാസ് കട്ടർമാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും.

ആർക്കാണ് 4,500 രൂപ ബോണസ്?

11-ാം ശമ്പള പരിഷ്‌കരണത്തിലെ 49,275 രൂപ വരെയുള്ള ശമ്പള സ്‌കെയിലിലോ, 10-ാം ശമ്പള പരിഷ്‌കരണത്തിലെ 44,462 രൂപ വരെയുള്ള ശമ്പള സ്‌കെയിലിലോ വരുന്ന ജീവനക്കാർക്ക് ബോണസിന് അർഹതയുണ്ട്. 2026 മാർച്ച് 31-ന് ആകെ ശമ്പളം ഈ പരിധിക്കുള്ളിലായിരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർ, മന്ത്രിമാരുടെയും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെയും പേഴ്‌സണൽ സ്റ്റാഫ്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ബോണസ് ലഭിക്കുക.

അർഹരായ ജീവനക്കാർക്ക് ഒരു മാസത്തെ വേതനമോ 4,500 രൂപയോ—ഇതിൽ കുറവുള്ള തുകയാണ് ബോണസായി അനുവദിക്കുക. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് നിശ്ചിത നിരക്കിൽ പ്രത്യേക ഉത്സവബത്ത ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img